ബംഗളൂരു: കൊഗിലു ഒഴിപ്പിക്കൽ നടപടിയിൽ വീട് നഷ്ടപ്പെട്ടവരിൽ അർഹരായവർക്ക് മാത്രം പുനരധിവാസമെന്ന സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. രേഖകൾ പരിശോധിച്ച് അർഹരായ പ്രദേശവാസികൾക്ക് മാത്രമേ മാനുഷികപരിഗണന നൽകൂവെന്നും അദ്ദേഹം പറഞ്ഞു.
ബുൾഡോസർ നടപടിയിൽ വീടുനഷ്ടപ്പെട്ടവർക്ക് സർക്കാർ അതിവേഗസഹായം വാഗ്ദാനം ചെയ്തതിനെ ബിജെപി ചോദ്യം ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പ്രീണനരാഷ്ട്രീയമാണു നടത്തുന്നതെന്ന ആരോപണവും അദ്ദേഹം തള്ളി.
ഒരുതരത്തിലുള്ള പ്രീണന രാഷ്ട്രീയവുമില്ല. അനധികൃത കൈയേറ്റക്കാർക്ക് ഒരുവിധ സഹയാവും നൽകില്ല. കൈയേറ്റക്കാർക്കെതിരേ നിയമനടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ഭവന പദ്ധതി പ്രകാരം അർഹതപ്പെട്ടവർക്ക് മാനുഷിക പരിഗണനയിൽ വീടുകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.